കേക്കപ്പച്ചൻ പോയി

കേക്കപ്പച്ചൻ പോയി.

ഇവിടുന്ന് പോയി.

ഈ ലോകത്തിൽ നിന്ന് പോയി.

നിസ്സഹായതയുടെ വിളുമ്പിൽ പ്രിയപ്പെട്ടവരുടെ മരണങ്ങൾ കൊണ്ട് നിർത്തുമ്പോൾ 

തിരികെ നടക്കണമോ എടുത്തു ചാടണമോ അതോ അവിടെ തന്നെ നിൽക്കണമോ എന്ന് ഞാൻ ചിന്തിക്കുന്നു.

ശരീരത്തിലെ അവസാന ചൂടും ആറിയപ്പോൾ, ആ അവസാനനിമിഷങ്ങളിൽ അദ്ദേഹം ആരെ ഓർത്തിട്ടുണ്ടാകാം! എന്നത്തേയും പോലെ പപ്പയെ വിളിച്ചിട്ടുണ്ടാകുമോ? 

എല്ലാ വേദനകളെയും ആകുലതകളെയും ഇവിടെ, നാം ലോകമെന്നു വിളിക്കുന്ന ഇവിടെ നിർത്തി, ഒരാൾ പറന്ന് പോകുമ്പോൾ അവർക്ക് സമാധാനം ലഭിക്കട്ടെ എന്ന് നമ്മൾ ആശംസിക്കുന്നു. നമ്മൾ ആശംസിച്ചാലും ഇല്ലെങ്കിലും ഒരിക്കലും അവസാനിക്കാത്ത സമാധാനത്തിലേക്ക് തന്നെ അവർ പറന്ന് പോയിരിക്കണം.

ജീവിതം പൊള്ളിക്കുന്നു . മരണം അത് വരെ ജീവിച്ച ജീവിതത്തെ തണുപ്പിക്കുന്നു. എനിക്ക് കേക്കപ്പച്ചനെ ഓർത്തു സമാധാനം തോന്നുന്നു .  എല്ലാ അലച്ചിലുകൾക്കും ഒടുവിൽ സമാധാനം ഉണ്ടാവുമെന്ന് എനിക്കിപ്പോൾ ഉറപ്പാണ് . 

സിനിമയിലെ പെൺകുട്ടി 
വളരുവാൻ
ഞാൻ കാത്തു നിൽക്കുന്നു 
അവൾ വളരുന്നതേയില്ല

കണ്ണുകളിൽ അനാദിയായ 
അദ്‌ഭുതവും പേറി 
അവൾ കുട്ടിയായി തന്നെ
തുടരുന്നു

ചുവന്ന ഭൂഖണ്ഡത്തിലെ 
മലമുകളിലെ വീട്ടിലവൾ 
ഉറുമ്പുകളെ 
ഓമനിച്ചു വളർത്തുന്നു 

ചില്ല് കണ്ണാടിയിൽ കൂടിയവൾ 
പുറത്തേക്ക്  നോക്കുമ്പോൾ 
പൂക്കൾ വിരിയുന്നതായ് 
കാണപ്പെടുന്നു

നിലാവിന്റെയുടുപ്പിട്ട 
അവളുടെ നഖങ്ങളിൽ 
ശലഭച്ചിറകുകൾ
ഒട്ടിയിരിക്കുന്നു 

പറ്റി ചേർന്ന 
ഉടുപ്പിന്റെ തൊങ്ങലുകളിൽ 
നാണം തൂങ്ങി നിൽക്കുന്നു 

കന്യാമറിയത്തിന്റെ ചിത്രത്തിലേക്കവൾ 
തുറിച്ചു നോക്കുമ്പോൾ 
ലോകത്തെ കൃത്യം 
രണ്ടായ് പകുത്ത്  
തെക്ക് നിന്ന് വടക്കോട്ടൊരു 
തീവണ്ടി കൂവി പായുന്നു 

ചുവന്ന സ്നീക്കേഴ്സിട്ട  
അവളുടെ കാലുകളിലേക്ക് 
ഉരുണ്ടുരുണ്ടൊരു 
കാൽപന്തെത്തുന്നു 

സിനിമ തീരുവാൻ
ഞാൻ കാത്തിരിക്കുന്നു 
സിനിമ അവസാനിക്കുന്നില്ല 

കംപ്യൂട്ടറിന്റെ നാല് ചുവരുകൾ 
തുരന്നു 
അതെന്റെ മുറിക്കുള്ളിൽ 
നിറയുന്നു 
വായുവിൽ ഞാൻ 
ഉയർന്നു പൊന്തുന്നു 
ജനൽ കമ്പിയിലൂടൂളിയിട്ട് 
തെരുവിലേക്കൊഴുകുന്നു

ഇപ്പോൾ
സിനിമയില്ല
തെരുവില്ല 
ഞാനുമില്ല 

ഒരിക്കലും വലുതാവാത്ത  
പെൺകുട്ടി 
നീ മാത്രമേയുള്ളു 

നീയിട്ടിരുന്ന 
നാണതൊങ്ങലുള്ള
ഉടുപ്പിപ്പോൾ
നീല പോലെ 
നീലിച്ചിരിക്കുന്നു 

നിന്റെ മുഖമിപ്പോൾ 
കന്യാമറിയത്തെ പോൽ 
ശോഭിക്കുന്നു 
നീ തല കുമ്പിട്ടു നിൽക്കുന്നു 

നിന്റെ ചുവന്ന 
സ്നീക്കേഴ്സിനടിയിൽ 
കറങ്ങുന്ന
ഭൂഗോളം

സിനിമ തീരുവാനിനി 
കാത്തു നിൽക്കുന്നില്ല  
പെൺകുട്ടിയും ഞാനും
അതിലേക്ക് തന്നെ 
തിരികെ  നടന്നു കയറുന്നു