ഇരുപത്തി നാല് - ഒരു സംഖ്യയേയല്ല

തിരുത്തപ്പെടേണ്ട ഇരുപത്തിമൂന്നു തെറ്റുകള്‍
ഞാന്‍ ചെയ്തിട്ടുണ്ട്
ഇരുപത്തി നാലെന്ന സംഖ്യയെ
അത്യഗാധമായി ഞാന്‍ ഭയക്കുന്നു
ഒരൊറ്റ മരത്തിന്റെ ഏകാന്തത 
ചിലപ്പോളതിന്റെ ചില്ലകള്‍ പോലും
അറിയാത്തതു പോലെ
തീര്‍ത്തുമൊറ്റപ്പെട്ടൊരു മഴയെ
രാത്രിയില്‍ തനിച്ചു പെയ്യാന്‍ വിട്ടത്
ഒരു ദയയും അര്‍ഹിക്കാത്ത തെറ്റാണ്‌
ആരുമറിയാതെ വിങ്ങിയിരുന്നൊരു
മുറിയുടെ ജനാലയെ
ആകാശത്തിനൊറ്റ് കൊടുത്തത് ഞാനാണ്
രാത്രികള്‍ മാത്രം
മറുപടി പറേയണ്ടൊരു ചോദ്യത്തിന്റെ
കഴുത്ത് ഞെരിച്ചത് ഞാനാണ്
ഇഞ്ചിഞ്ചായി മരിക്കേണ്ട
ഒടുക്കലത്തെ പ്രണയത്തെ
ഒറ്റയൊരു ഇഴക്കയറില്‍
ഒറ്റയൊരു ഊഞ്ഞാലാട്ടത്തില്‍
ഒറ്റയ്ക്കക്കര കടത്തിയതും ഞാനാണ്
ഇരുപത്തി മൂന്നാമത്തെതായിരുന്നു നീ
പാവമായിരുന്നു
പലതവണ പോറിയിരുന്നു
നിന്ന് കത്തുന്ന ഓര്‍മ്മകളുണ്ടായിരുന്നു
അത്ര വാചാലമായി കരയാറുണ്ടായിരുന്നു
മരിക്കേണ്ടതു ഞാനായിരുന്നു
കൊല്ലേണ്ടത് നീയും
എന്നിട്ടും
മുറിച്ചു മാറ്റപ്പെട്ട മരങ്ങളുടെ
വേരുകള്‍ക്കുണ്ടാകുന്ന അന്യതാ ബോധമുണ്ട്
അതാണെനിക്ക് നീ തന്നു പോയത്
തിരുത്തപ്പെടേണ്ട ഇരുപത്തിമൂന്നു തെറ്റുകള്‍
ഞാന്‍ ചെയ്തിട്ടുണ്ട്
ഇരുപത്തി നാലെന്ന സംഖ്യയെ
അത്യഗാധമായി ഞാന്‍ ഭയക്കുന്നു

2 comments: